Powered By Blogger

Friday, October 21, 2011

പറയൂ, ഈ മരണങ്ങളെ ഞാനെന്തു ചെയ്യണം?

.അജിലാല്‍ ....ഫോട്ടോഗ്രാഫര്‍  എഴുതുന്നു


      തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്ത് കാടുകുറ്റി പ്രഞ്ചായത്തിലെ കാതിക്കുടം ഗ്രാമത്തില്‍ നിറ്റ ജലാറ്റിന്‍ കമ്പനി നടത്തുന്ന വിഷമലിനീകരണത്തിന് മൂന്ന് പതിറ്റാണ്ടിലേറെ പ്രായം. ഇപ്പോഴും അവിടെ കാന്‍സര്‍, ശ്വാസകോശ, ഹൃദോഗ രോഗങ്ങളും അവയെ തുടര്‍ന്നുള്ള മരണവും തുടരുകയാണ്. രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉദ്യോഗസ്ഥവരും വൈദ്യ, ഗവേഷക ലോകവുമെല്ലാം മല്‍സരിച്ച് തമസ്കരിച്ച ആ നാട്ടില്‍ ക്യാമറയുമായി പല വട്ടം സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ അനുഭവ കുറിപ്പ്. ജീവനോടെ തന്റെ ക്യാമറക്കു മുന്നില്‍ നിന്നു തന്നവര്‍ മാസങ്ങള്‍ക്കകം മരിച്ചില്ലാതാവുന്ന അവസ്ഥയെക്കുറിച്ചുള്ള പൊള്ളിക്കുന്ന ഒരനുഭവ സാക്ഷ്യം. അജിലാല്‍ എഴുതുന്നു



എങ്ങനെ ഈ അവസ്ഥയെ വിശേഷിപ്പിക്കും എന്നെനിക്കറിയില്ല. ഊഴമിട്ടെന്നോണം മരിച്ചു തീരുന്നവരെ കുറിച്ച് എങ്ങനെ പറയും. വിഷപ്പുകയും വിഷമാലിന്യങ്ങളും കൊണ്ട് ഒരു ദേശത്തെ മനുഷ്യരെ മുഴുവന്‍ കൊല്ലുന്ന, നശിപ്പിക്കുന്നവരെ കുറിച്ച് എങ്ങനെ ബാലന്‍സ് ചെയ്ത് എഴുതും. മരണവിവരവുമായി കാതിക്കുടത്ത് നിന്നെത്തുന്ന സന്ദേശങ്ങള്‍ ഉള്ളില്‍ തീര്‍ക്കുന്ന ഭൂകമ്പങ്ങളെ ഞാനെങ്ങിനെയാണ് അക്ഷരങ്ങളില്‍ പകര്‍ത്തേണ്ടത്. ഫോട്ടോഗ്രാഫര്‍ എന്നതിനപ്പുറം മനുഷ്യന്‍ എന്ന അവസ്ഥയെ ആഴത്തില്‍ പിടിച്ചു കുലുക്കുന്ന കാതിക്കുടം അനുഭവങ്ങള്‍ എങ്കിലും എഴുതിയേ തീരുൂ.

ഞാനൊരുഫോട്ടോഗ്രാഫറാണ്. പത്രത്തിലും അല്ലാതെയും വര്‍ഷങ്ങളായി പടമെടുത്തു കൊണ്ടേയിരിക്കുന്നു. മലിനീകരണം അടക്കം അനേകം ജനകീയ പ്രശ്നങ്ങള്‍ ഇക്കാലയളവില്‍ എന്റെ ക്യാമറക്കു മുന്നിലെത്തി. ഒറ്റ വാചകത്തില്‍ പറയുമ്പോള്‍, അവയിലൊന്നു മാത്രമാണ് കാതിക്കുടം. എന്നാല്‍, അങ്ങനെയല്ല എന്ന് എന്റെ മനസാക്ഷി പറയുന്നുണ്ട്. സത്യമായും സാധാരണ പോലൊരു ദുരന്തമല്ല കാതിക്കുടത്തെ വിഷമലിനീകരണം. ഓരോ നിമിഷവും നമ്മുടെ നിസ്സഹായതയെ കുറിച്ചു മാത്രം ഓര്‍മ്മിപ്പിക്കുന്ന ഒന്നാണത്. മരിച്ചു കൊണ്ടിരിക്കുന്ന ഒരു നാടിന്റെ നടുക്കുന്ന ഓര്‍മ്മ.

ഒരു വിദേശകമ്പനിയും നാട്ടിലെ അതിന്റെ പിണിയാളുകളും വിഷം വാരിവിതറിയ ഒരു നാട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ, അസഹ്യമായ നിസ്സഹായതയാണ് അത് സദാ ഓര്‍മ്മിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ, എല്ലാ നിയമങ്ങളും ലംഘിച്ച് മലിനീകരണവും രോഗങ്ങളും മരണവും പടര്‍ത്തുമ്പോഴും ഒരു രാഷ്ട്രീയ നേതൃത്വവും ഒരു മുഖ്യധാരാ മാധ്യമവും ഒരു ശാസ്ത്ര സംഘവും ഇടപെടാത്ത കൊള്ളരുതായ്മയാണ് അത്. നമമുടെ നിസ്സഹായതയെക്കുറിച്ചും നമ്മുടെ പുറം പൂച്ചിനെക്കുറിച്ചും നമ്മുടെ കാപട്യങ്ങളെ കുറിച്ചും സദാ ഓര്‍മ്മിക്കുന്ന ഉണങ്ങാത്താരു മുറിവ്.

എപ്പോഴും ആലോചിക്കാറുണ്ട്, ഈ മനുഷ്യര്‍ക്ക് എന്തു കൊണ്ട് ഈ വിധിയെന്ന്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരോട് നമ്മുടെ നാട് കാണിച്ച കാരുണ്യം എന്തു കൊണ്ടാണ് മരിച്ചു തീരുന്ന ഈ മനുഷ്യരോട് ആരും കാണിക്കാത്തത്? സമാനമായ ദുരന്തമാണല്ലോ ഇവിടെയും. ഒരു കമ്പനി ആകാശത്തും വെള്ളത്തിലും മണ്ണിലും കൊടും വിഷം പരത്തി ഒരു ജനതയെ കൊന്നുതീര്‍ക്കുന്ന അതേ ദുരന്തം. മുപ്പത്തിരണ്ട് വര്‍ഷങ്ങളായി ഈ നാട്ടില്‍ ഇതാണ് അവസ്ഥ. എന്നിട്ടും എന്തു കൊണ്ടാണ് നമ്മളാരും വെറുതെ പോലും കാതിക്കുടത്തേക്ക് ഒന്ന് പോയി നോക്കാത്തത്. നിസ്സഹായരായ ആ മനുഷ്യര്‍ ആവുന്നത്ര ശക്തിയില്‍ നടത്തുന്ന ആ സത്യഗ്രഹ സമരം ഒന്നര വര്‍ഷം പിന്നിട്ടിട്ടും അണ്ണാഹസാരേക്കു വേണ്ട സമരപ്പന്തലുകളില്‍ പട്ടിണി കിടന്നവരാരും ഈ മനുഷ്യരെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തത് എന്തു കൊണ്ടാണ് ? എനിക്കിനിയും മനസ്സിലാവാത്ത ആ കാരണത്തില്‍ തന്നെയാണ് കാതിക്കുടം ദുരന്തത്തിന്റെ അടിവേരുകള്‍.

ഓരോ പ്രാവശ്യവും അവിടെ ചെല്ലുമ്പോള്‍ മലിനീകരണത്തിന്റെ അനേകം ഇരകളെ കാണാറുണ്ട്. അവരുടെയൊക്കെ പടങ്ങളും പകര്‍ത്താറുണ്ട്. ഇവരൊക്കെ ജീവിച്ചു എന്നതിന് ഒരു പക്ഷേ, അതെങ്കിലും തെളിവാകട്ടെ എന്ന ആഗ്രഹത്തില്‍. അവിടെ നിന്ന് തിരിച്ചു പോന്ന് കാലങ്ങള്‍ കഴിഞ്ഞാലും കൃത്യമായ ആവൃത്തികളില്‍ ആ നാടെന്നെ ഫോണില്‍ വിളിച്ച്ു കൊണ്ടേയിരിക്കുകയാണ്^ മരണ വിവരങ്ങള്‍ അറിയിക്കാന്‍. ‘നോക്കൂ,നിങ്ങള്‍ പടമെടുത്ത ആ ആള്‍ കൂടി മരിച്ചു. നിങ്ങള്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ പോയ ആ വീട്ടിലെ ആ സ്ത്രീ മരിച്ചു. ആ വീട്ടിലെ ആ കുട്ടി മരിച്ചു. ആ വീട്ടിലെ ആ വൃദ്ധന്‍ മരിച്ചു’.
പറയൂ, എങ്ങനെ വിശേഷിപ്പിക്കണം ഈ അവസ്ഥയെ. എന്ത് അലങ്കാരങ്ങള്‍ കൊണ്ടാണ് നാമീ കളങ്കം മൂടി വെക്കുക?


ഇന്നലെയും വന്നു, കാതിക്കുടത്തുനിന്നുള്ള ഫോണ്‍ വിളി. അനിലിന്റെ അമ്മ മരിച്ചു.
അനില്‍, കാതിക്കുടം ആക്ഷന്‍ കൌണ്‍സിലിന്റെ കണ്‍വീനറാണ്. അപ്പോള്‍, അനിലിന്റെ അമ്മ?
പെട്ടെന്ന് ഓര്‍മ്മയിലെത്തി, ആ അമ്മ. നിസ്സഹായയായി, നിശãബ്ദയായി എന്റെ ക്യാമറക്കണ്ണിലേക്കു തന്നെ നോക്കിയിരിക്കുന്ന ഒരു സ്ത്രീ. ഒരു തുള്ളി കണ്ണീരു പോലും പുറത്തു കാണിക്കാതെ ആ അമ്മ കരയുന്നത് ലെന്‍സിനപ്പുറത്ത് നിന്ന് ഞാനെത്രയോ കണ്ടിരിക്കുന്നു. അത് കാതിക്കുടത്തെ നാട്ടുനടപ്പാണ്. മരിച്ചു കൊണ്ടേയിരിക്കുന്ന മനുഷ്യരുടെ ആ ഗ്രാമത്തില്‍ നിങ്ങളുടെ ക്യാമറക്കു മുന്നില്‍ ഇരുന്നു തരുന്നവരെല്ലാം നിശãബ്ദമായ കരച്ചിലുകളാണ്.

ഗൌരി എന്നായിരുന്നു ആ അമ്മയുടെ പേര്. ജീവിക്കാനായി ആ ദേശം നടത്തുന്ന സമരത്തിന്റെ മുന്നണിയിലുള്ള അനില്‍കുമാറിന്റെ അമ്മ. സുനില്‍കുമാറിന്റെയും അരുണയുടെയും അമ്മ. ഞാനവരെ ആദ്യം കാണുമ്പോള്‍ ശ്വാസതടസ്സം മൂലം അവര്‍ കഷ്ടപ്പെടുകയായിരുന്നു. ഏതോ ആശുപത്രിയില്‍ ആഴ്ചകള്‍ കഴിഞ്ഞശേഷം വീട്ടില്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഒന്നും സംസാരിക്കാന്‍ കഴിയാത്ത വിധം പരിക്ഷീണ. ഓരോ ശ്വാസവും കൊടിയ വേദനയുടെ പ്രകാശനം. കണ്ണുകള്‍ പുറത്തേക്കു തുറിക്കുമെന്നു തോന്നും വിധം കഷ്ടപ്പാടിന്റെ അനേക ശ്വാസങ്ങള്‍ എടുത്തെടുത്തു ഇത്രകാലം പിടിച്ചു നിന്ന ശേഷമാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആ അമ്മ മരിച്ചുപോയത്.

സത്യം പറഞ്ഞാല്‍, എനിക്കതില്‍ ആശ്വാസമാണ് തോന്നുന്നത്. ഇനിയെങ്കിലും ഈ കൊടിയ വേദനയില്‍നിന്ന് അവര്‍ക്ക് രക്ഷപ്പെടാമല്ലോ. കാതിക്കുടത്തെ കമ്പനിയും വിഷമനസ്സുള്ള അതിന്റെ തമ്പുരാക്കന്‍മാരും അവരുടെ കങ്കാണികളും അവരുടെ കൈയിലെ ചില്ലിക്കാശിനൊത്ത് മനസാക്ഷി മരക്കൊമ്പില്‍ വെച്ച കേരളമെന്ന വലിയ നാട്ടിലെ പെരിയ തമ്പ്രാക്കളുമില്ലാത്ത ഒരിടത്ത് അവര്‍ക്കിനി കഴിയാമല്ലോ. അവര്‍ക്കു മുമ്പേ ഏങ്ങിയും കിതച്ചും പരിഭ്രമിച്ചും നെഞ്ച് ക്രമാതീതമായി ഇടിച്ചും ഇല്ലാതായ അനേകം മനുഷ്യരുടെ പില്‍ക്കാലങ്ങള്‍ക്കൊപ്പം ചെന്നു നില്‍ക്കാമല്ലോ. എന്തായിരിക്കാം ആ അമ്മക്ക് ഇപ്പോള്‍ നമ്മോടൊക്കെ പറയാനുണ്ടാവുക. ക്യാമറയും തൂക്കി നടക്കുന്ന എന്റെ നിസ്സഹായ രോഷങ്ങള്‍ ആ അമ്മ എങ്ങനെയാവും കാണുന്നുണ്ടാവുക?
250 മീറ്റര്‍ പരിധിയില്‍ ജനവാസമില്ല എന്ന് എഴുതിക്കൊടുത്താണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. അക്കാര്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതിനാലാണ് കമ്പനിക്ക് ലൈസന്‍സ് ലഭിച്ചത്. അതിനര്‍ഥം തൊട്ടടുത്ത് ആള്‍പ്പാര്‍പ്പില്ല എന്നു തന്നെയാണ്. എന്നാല്‍, വാസ്തവം എന്താണ്?
ഈ അമ്മ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജീവിച്ചത് കമ്പനിയുടെ തൊട്ടടുത്താണ്. അവരുടെ വീട്കമ്പനി മതിലിനോട് ചേര്‍ന്നാണ്. അവര്‍ മാത്രമല്ല, നാല്‍പതിലേറെ കുടുംബങ്ങള്‍ ഇപ്പോഴും താമസിക്കുന്നത് കമ്പനിയുടെ തൊട്ടടുത്ത് തന്നെയാണ്.
അതെങ്ങനെ സംഭവിക്കും? കമ്പനിയുടെ ലൈസന്‍സിന് പ്രശ്നമാവില്ലേ എന്നൊക്കെയാണ് നിഷ്കളങ്കരായ നിങ്ങളുടെ ചോദ്യമെങ്കില്‍ എനിക്കൊന്നേ, പറയാനുള്ളൂ, ഇതൊക്കെ കമ്പനി നടത്തുന്ന തീരെ ചെറിയ നിയമലംഘനങ്ങള്‍ മാത്രമാണ്. കേട്ടാല്‍ ഞെട്ടുന്ന (അങ്ങനെയൊരു മനസ്സുണ്ടെങ്കില്‍ മാത്രം) അനേകം തോന്ന്യാസങ്ങളുടെ വെള്ളരിക്കാ പട്ടണമാണ് ഇത്. സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും സി.പി.ഐയുമെല്ലാം കടിച്ചാല്‍ പൊട്ടാത്ത ന്യായങ്ങള്‍ നിരത്തി സംരക്ഷിക്കുന്നത് ഈ നിയമലംഘനങ്ങളെയാണ്. മാറിമാറി വന്ന എല്ലാ സര്‍ക്കാറുകളും സംരക്ഷിച്ചത് സര്‍ക്കാര്‍ കമ്പനിയാണോ സ്വകാര്യ കമ്പനിയാണോ എന്നൊന്നും ഇനിയും അധികൃതര്‍ തീര്‍ത്തു പറയാത്ത കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനിയെയാണ്. കോര്‍പ്പറേറ്റ് കൊള്ള എന്നൊക്കെ വലിയ വായില്‍ നിലവിളിക്കുന്ന നമ്മുടെ ചാനലുകളും പത്രങ്ങളുമൊക്കെ മുട്ടിലിഴഞ്ഞ് സ്തുതി പാടുന്നത് ഈ കമ്പനിയെയാണ്.
(പറയാന്‍ ഒരു പാടുണ്ട്. അതിനുള്ള സ്ഥലം തീര്‍ച്ചയായും ഇതല്ല. കമ്പനി നടത്തുന്ന വിഷമലിനീകരണ വിവരങ്ങളും വഞ്ചനയുടെ ചരിത്രമെല്ലാം ചിലരാക്കെ പറഞ്ഞുവെച്ചിട്ടുണ്ട്. സമയവും താല്‍പ്പര്യവുമുണ്ടെങ്കില്‍ ഈ www.nalamidam.com നോക്കാം. ചില വിവരങ്ങള്‍ അതിലുണ്ട്. )
പറഞ്ഞു വന്നത്, ഗൌരി എന്ന ഈ അമ്മയെ കുറിച്ചാണ്. ഭര്‍ത്താവ് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചു. അവര്‍ രണ്ട് പതിറ്റാണ്ടിലേറെയായി രോഗശയ്യയിലാണ്. കടുത്ത ശ്വാസകോശ രോഗവും മറ്റനേകം രോഗങ്ങളും മാറിമാറി പീഡിപ്പിച്ച രണ്ട് പതിറ്റാണ്ടുകള്‍. ഇതില്‍ പകുതിയും അവര്‍ ആശുപത്രികളിലായിരുന്നെന്ന് മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
രോഗം സാധാരണമല്ലേ, അതിന് കമ്പനി എന്തു പിഴച്ചു എന്നാണ് വീണ്ടും നിഷ്കളങ്കമായി ചോദിക്കുന്നതെങ്കില്‍ ചങ്ങാതികളേ ഒന്നേ പറയാനുള്ളൂ. ഒരു ദിവസം ചാലക്കുടി വഴി കാതിക്കുടത്തേക്കൊന്ന് പോവുക. കമ്പനിയുടെ പുകക്കുഴലിലൂടെ വിഷം പുറത്തുവരുന്ന നേരത്ത് ഇത്തിരി നേരം അവിടെയൊന്ന് ഇരിക്കുക. അപ്പോഴറിയും, വിവരം! അല്ലെങ്കില്‍ കമ്പനിക്കു ചുറ്റുമുള്ള വീടുകളില്‍ ഒന്നു പോയിനോക്കൂ. മരിച്ചു തീരുന്ന അനേകം മനുഷ്യര്‍ ആ വീടുകളിലുണ്ടാവും. അതുമല്ലെങ്കില്‍, ചുണയുണ്ടെങ്കില്‍, ആ പരിസരത്തെ കിണറുകളില്‍നിന്ന് ഇത്തിരി വെള്ളം ഒന്നെടുത്ത് വായില്‍വെച്ചു നോക്കുക. ഇനിയും നിഷ്കളങ്കമായി നിങ്ങള്‍ക്ക് സംശയിക്കാന്‍ കഴിയുന്നുവെങ്കില്‍ അസുഖം വേറെയാണ്.
ഈ അമ്മ മാത്രമല്ല. ഞാനവിടെ കണ്ട, കാണാതെ പോയ അനേകം മനുഷ്യരുണ്ട്. മരിച്ചു കൊണ്ടിരിക്കുന്ന അനേക ജന്‍മങ്ങള്‍. ഊഴം വെച്ചെന്നോണം മരിക്കുന്നവര്‍. സമരസമിതിയുടെ ആളുകള്‍ക്കൊപ്പം പല വീടുകളില്‍ ചെന്ന് ഇരകളുടെ മുഖങ്ങള്‍ പകര്‍ത്തേണ്ട നിസ്സഹായത പല തവണ ഉണ്ടായിട്ടുണ്ട്. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമാണ് കൂടുതലും. നിസ്സഹായാവസ്ഥയിലും അവര്‍ ക്യാമറക്കു മുഖം തരും. അവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ്, എഴുതിവെച്ച് തിരിച്ചു പോരും. ഇത്തിരി നാള്‍ കഴിയുമ്പോള്‍ കാതിക്കുടത്തുനിന്ന് സുഹൃത്തുക്കള്‍ ആരെങ്കിലും വിളിക്കും, ‘അതേ, ചേട്ടാ, നമ്മുടെ….വീട്ടിലെ അവരില്ലേ. അവര്‍ മരിച്ചു’.
നിങ്ങള്‍ വിശ്വസിക്കില്ല. എന്റെ ക്യാമറയില്‍ പല കാലങ്ങളില്‍ പതിഞ്ഞ പതിനഞ്ചിലേറെ പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരെ കാണാന്‍ പോവുക പിടിച്ചുലക്കുന്ന അനുഭവമാണ്. പ്രതീക്ഷകള്‍ അറ്റ അവരുടെ മനസ്സില്‍ നമ്മുടെ ക്യാമറ ചില പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അവരുടെ ദുരിതം തീര്‍ക്കാന്‍ ഇത് ഏതോ തരത്തില്‍ കാരണമാവും എന്ന പ്രതീക്ഷ. അപ്പോഴൊക്കെ മനസ്സില്‍ പറഞ്ഞുപോവും, ഇല്ല, ചേച്ചീ, ഒന്നും സംഭവിക്കില്ല, എത്ര പടം കണ്ടാലും, എത്ര മരണം കണ്ടലും ഒരാളും അനങ്ങില്ല. നിങ്ങളെല്ലാം മരിച്ചു തീര്‍ന്നാലും ഇവിടെയാരും വകവെക്കില്ല’.
എങ്കിലും തിരിച്ചിറങ്ങുമ്പോള്‍, കുറച്ചുകാലം പിടിച്ചു നില്‍ക്കാന്‍ ഊര്‍ജം നല്‍കുന്ന ഒരു ചിരി നല്‍കാതെ പോരാനാവില്ല. ഫോട്ടോയ്ക്ക് കഴിയാത്തത് ഇനി ഒരു പുഞ്ചിരിക്ക് കഴിഞ്ഞെങ്കിലോ?
കാന്‍സര്‍ ബാധിച്ചു കിടന്ന മൊതയില്‍ വേലായുധനെ ഞാന്‍ ക്യാമറയിലാക്കിയത് ഒരു നട്ടുച്ചക്കായിരുന്നു. ഒരു പാവം മനുഷ്യന്‍. രോഗം കാര്‍ന്നു തിന്നുമ്പോഴും അയാള്‍ ചിരിക്കുന്നുണ്ടായിരുന്നു. നിസ്സഹായമായ ഒരു ചിരി. . അന്നു തന്നെ തൊട്ടടുത്ത മറ്റൊരിടത്തു പോയി. മൊതയില്‍ വേലുക്കുട്ടി. അദ്ദേഹത്തിനും സമാനമായ അവസ്ഥയാണ്. ഞാനവിടെ നിന്ന് പോന്ന് ഇത്തിരി നാള്‍ കഴിഞ്ഞപ്പോള്‍ സമരസമിതി പ്രവര്‍ത്തകനായ ഗോപി വിളിച്ചു പറഞ്ഞു വേലുക്കുട്ടിയേട്ടന്‍ മരിച്ചെന്ന്. ഇത്തിരി നാള്‍ കൂടി കഴിഞ്ഞ് പടമെടുക്കാന്‍ ചെന്നപ്പോള്‍ കണ്ടു, വേലായുധേട്ടന്റെ വീടിനു മുന്നില്‍ ഒരു നീല പന്തല്‍. ‘ ‘^ഇന്നലെയായിരുന്നു… സംസ്കാരം കഴിഞ്ഞു’^കൂടെയുണ്ടായിരുന്നു സമരസമിതി പ്രവര്‍ത്തകരിലാരോ പറഞ്ഞു. കമ്പനിക്കു പുറകിലെ പെരുന്തോടിനു ചുറ്റുമുള്ള കുറേ വീടുകളില്‍ അന്ന് കയറിയിറങ്ങിയിരുന്നു. പല വീടുകളിലും ഒന്നില്‍ കൂടുതല്‍ രോഗികളുണ്ടായിരുന്നു. അവരുടെയൊക്കെ പടം എടുത്തു. ഇന്ന് ആ വഴി പോയാല്‍ അവരില്‍ നാലഞ്ചു പേരെ കാണാനേ കഴിയില്ല. അവരൊന്നും ഇപ്പോള്‍ ഇല്ല.
മലിനീകരണത്തിനെതിരെ വര്‍ഷങ്ങളായി സമരം ചെയ്യുന്ന കുറേ മനുഷ്യരുണ്ട് ആ നാട്ടില്‍. സമര സമിതി പ്രവര്‍ത്തകര്‍. കമ്പനിയും തൊഴിലാളികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം നിരന്തരം ദ്രോഹിക്കുന്ന ചിലര്‍. അവരില്‍ മിക്കവര്‍ക്കും ഉറ്റവരില്ല. കാന്‍സറോ ശ്വാസകോശ രോഗമോ കൊണ്ടുപോയതാണ്. സമരപ്പന്തലില്‍ പരിചയപ്പെട്ട ജോജിയുടെ അച്ഛന്‍ കാന്‍സര്‍ വന്നാണ് മരിച്ചത്. കമ്പനിക്കെതിരെ കേസ് നല്‍കിയ ജിജോയുടെ പിതാവിനെ ശ്വാസകോശരോഗം കൊണ്ടുപോയി. വധശ്രമക്കേസടക്കം നിരവധി കള്ളക്കേസുകളില്‍ കുടുക്കിയ സമരസമിതിയുടെ സജീവപ്രവര്‍ത്തകന്‍ തങ്കച്ചന്റെ മാതാപിതാക്കള്‍ കാന്‍സര്‍ ബാധിച്ചാണ് മരിച്ചത്.
‘ രോഗം ഇവിടെ പടരുകയാണ്. മരണവും. എന്നിട്ടും, സര്‍ക്കാറും അധികൃതരുമെല്ലാം കണ്ണടക്കുന്നു. എതിര്‍ക്കുന്നവരെ തോല്‍പ്പിക്കാന്‍ കമ്പനിക്കു കൂട്ടു നില്‍ക്കുന്നു. നോക്കൂ, ഇക്കാണുന്ന ഞങ്ങള്‍ക്ക് ഇപ്പോള്‍ രോഗമില്ല. എന്നാല്‍, ഏതു നിമിഷവും അതുണ്ടാവാമെന്ന് എല്ലാവര്‍ക്കും അറിയാം. മരിക്കും വരെ പൊരുതുക മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴി’^അന്നൊരിക്കല്‍ അനില്‍ കുമാര്‍ എന്നോട് പറഞ്ഞു.
ഇപ്പോഴിതാ അനിലിന്റെ അമ്മയും.
ഇനി ആരുടെയൊക്കെ മരണവാര്‍ത്തകളുമായായിരിക്കും കാതിക്കുടത്ത് നിന്നും ഫോണ്‍വിളി എത്തുക?