Powered By Blogger

Tuesday, August 23, 2011

കാതിക്കുടം വായുവിലും ജലത്തിലും വിഷം;


  1. കാതിക്കുടം
    വായുവിലും ജലത്തിലും വിഷം;
    പരിഹാരമില്ലാതെ മൂന്ന് പതിറ്റാണ്ട്

  2. കൊരട്ടി: കലക്ടറേറ്റില്‍ ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ചാമേശക്ക് മുമ്പാകെ വരുന്നത് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും തീര്‍പ്പാവാത്ത വിഷ മലിനീകരണ പ്രശ്നം. കാതിക്കുടം മേഖലയില്‍ നിറ്റ ജലാറ്റിന്‍ കമ്പനി നടത്തുന്ന വിഷമലിനീകരണം 31 വര്‍ഷം പിന്നിട്ടപ്പോഴാണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ചര്‍ച്ചാശ്രമം നടക്കുന്നത്. ഇതിനകം നിരവധി പേര്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഇരകളായി. കുഞ്ഞുങ്ങള്‍ അടക്കം നൂറുകണക്കിനാളുകള്‍ രോഗം തിന്നു കഴിയുന്നു. മേഖലയിലെ വായുവും ജലവും മണ്ണും പൂര്‍ണമായി മലിനമാക്കപ്പെട്ടു. എന്നിട്ടും രാഷ്ട്രീയ കക്ഷികളും ഇടതു വലതു സര്‍ക്കാറുകളും തങ്ങളുടെ ചോരപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇരകളുടെ പരാതി.
  3. ചാലക്കുടി പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടം ഗ്രാമത്തില്‍ 1979ലാണ് കേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് ലിമിറ്റഡ് (കെ.സി.പി.എല്‍) ആരംഭിച്ചത്. ജപ്പാന്‍ ബഹുരാഷ്ട്ര കുത്തകകളായ നിറ്റ ജലാറ്റിനും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും കൈകാാേര്‍ത്താരംഭിച്ച സംരംഭത്തില്‍ പിന്നീട് ജപ്പാന്‍ കുത്തകയായ മിത്സുഭിഷി കോര്‍പറേഷന്‍ വന്നു. സര്‍ക്കാര്‍ ഓഹരികളില്‍ വന്‍ കുറവുവന്നു. പിന്നീട്, കമ്പനിയുടെ പേര് നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (എന്‍.ജി.ഐ.എല്‍) എന്നായി.
  4. ജലാറ്റിന്‍ ഉല്‍പാദനത്തിനുള്ള അസംസ്കൃത വസ്തുവായ 'ഓസ്സീന്‍' മൃഗങ്ങളുടെ എല്ലില്‍നിന്ന് രാസപ്രവര്‍ത്തനം വഴി ഉണ്ടാക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. പ്രതിദിനം 120 ടണ്‍ എല്ലും ഒരു ലക്ഷത്തിഇരുപതിനായിരം ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡുമാണ് ഇതിനുപയോഗിക്കുന്നത്. ചാലക്കുടി പുഴയില്‍ നിന്ന് പ്രതിദനിം അനുമതിയില്ലാതെ എടുക്കുന്ന രണ്ട് കോടിയോളം ലിറ്റര്‍ വെള്ളവും ഇതിനുപയോഗിക്കുന്നു.
  5. ഓസ്സീന്‍ നിര്‍മാണത്തില്‍ ബാക്കിയായ രാസമാലിന്യം അതേപടി വലിയ പൈപ്പ് വഴി നേരെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കുകയായിരുന്നു.പിന്നീട് പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഇതു മാറി. വലിയൊരു ഭാഗം ചളിരൂപത്തില്‍ കേരളമൊട്ടാകെ വളമെന്ന പേരില്‍ വിതരണം ചെയ്യുന്നു. ബാക്കി ശുദ്ധീകരിച്ചതെന്ന പേരില്‍ പുഴയിലേക്ക് ഒഴുക്കുന്നു. ഈ രണ്ട് തരം മാലിന്യങ്ങളിലും അതിമാരകമായ രാസ വസ്തുക്കള്‍ അടങ്ങിയതായി പഠനങ്ങളില്‍ വ്യക്തമായിരുന്നു. 2009ല്‍ ഇത്തരത്തില്‍ 'വളം' കൊണ്ടുപോയ ലോറികള്‍ പാലക്കാട് കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു. മാമ്പ്രക്കടവ്, പുഴിയ്ക്കകടവ്, വൈന്തലകടവ്, ഇയ്യാത്തുംകടവ് തുടങ്ങിയവയെല്ലാം ഇന്ന് ഗുരുതരമായി മലിനീകരിക്കപ്പെട്ടിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലം ഉപയോഗ ശൂന്യമായി. പാടങ്ങള്‍ പാഴായി. പരിസരത്ത് ഡൈകാല്‍സ്യം ഫോസ്ഫേറ്റിന്റെ ധൂളികളാല്‍ നിറഞ്ഞിരിക്കുന്നു. രൂക്ഷ ദുര്‍ഗന്ധം കാരണം ജനം ദുരിതത്തിലാണ്.
  6. മലിനജല പൈപ്പ് പുഴയില്‍ ചേരുന്നതിന് സമീപത്താണ് വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൌസ്. കൊടുങ്ങല്ലൂര്‍ നഗരസഭ, മാള, പൊയ്യ, കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത് ഈ പമ്പ് ഹൌസില്‍ നിന്നാണ്. പതിനായിരക്കണക്കിന് പേര്‍ ആശ്രിക്കുന്ന വൈന്തല മാമ്പ്ര ^ ചെട്ടിക്കുന്ന് കുടിവെള്ള പദ്ധതിയും ഇവിടെയാണ്. മലിനീകരണം അവസാനിപ്പിക്കണമെന്ന് പല പഞ്ചായത്ത് കമ്മിറ്റികളും പലകുറി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. '2009ലും 2010ലും രൂക്ഷമായ മാലിന്യചോര്‍ച്ചയെത്തുടര്‍ന്ന് കാടുകുറ്റി പഞ്ചായത്ത് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിച്ചിരുന്നു. എന്നാല്‍, രണ്ട് പ്രാവശ്യവും ഹൈകോടതിയില്‍ നിന്നും ഉപാധികളോടെ കമ്പനി പ്രവര്‍ത്തനാനുമതി സമ്പാദിച്ചു.
  7. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഇവിടത്തുകാര്‍ അഭിമുഖീകരിക്കുന്നത്. കമ്പനി തൊഴിലാളികളടക്കം കാന്‍സര്‍ ബാധിതര്‍ ഏറെ. കടുത്ത ആസ്തമ, ശ്വാസകോശ രോഗങ്ങള്‍, ത്വഗ്രോഗം, വന്ധ്യത, ജനിതക വൈകല്യങ്ങളും ബുദ്ധിമാന്ദ്യവും വ്യാപകമാണ്. കുട്ടികളുടെ വളര്‍ച്ച മുരടിക്കുന്നുവെന്നും ഓര്‍മ കുറയുന്നുവെന്ന് അമ്മമാര്‍ പരാതിപ്പെടുന്നു. കമ്പനിക്കുള്ളില്‍ 30 വലിയ പഴകിയ ടാങ്കുകളില്‍ 970 ടൌണ്‍ ഹൈഡ്രോക്ലോറിക് ആസിഡ് സൂക്ഷിക്കുന്നത് വേണ്ടത്ര സുരക്ഷയില്ലാതെയാണെന്ന് പറയുന്നു. 1991ല്‍ ഇത്തരം ടാങ്കുകളില്‍ ഒന്ന് പൊട്ടി പരിസര ങ്ങളിലും പാടങ്ങളിലും ആസിഡ് പരന്നൊഴുകി. 2007 ആഗസ്റ്റില്‍ എല്ലുകള്‍ സൂക്ഷിക്കുന്ന ടാങ്കിലിറങ്ങിയ രണ്ട് ജീവനക്കാര്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. കമ്പനി തുടങ്ങിയ കാലം മുതല്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, 2008ല്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപവത്കരിച്ചതോടെയാണ് സമരം ശക്തിപ്പെടുന്നത്.